2024 നവംബർ 28, വ്യാഴാഴ്‌ച

പാണക്കാട് കുടുംബം സമസ്തയുടെ അവിഭാജ്യ ഘടകം: സമസ്ത ആദർശസംരക്ഷണ സമ്മേളനം




കോഴിക്കോട് : ലോക ഇസ്ലാമിക സമൂഹത്തിൽ അനുകരണീയ മാതൃകയായി കേരളീയ മുസ്ലിം മോഡൽ വളർന്നുവന്നതിൽ നിർണ്ണായക പങ്ക് വഹിച്ചത് പാരസ്പര്യത്തിൻ്റെ പാതയാണെന്ന് സമസ്ത ആദർശ സംരക്ഷണ സമ്മേളനം അഭിപ്രായപ്പെട്ടു.

പണ്ഡിത-പാമരസമൂഹത്തെ ഒന്നിച്ചണിനിരത്തി പ്രതിസന്ധി ഘട്ടങ്ങളിൽ സാമുദായിക ഐക്യം അനിവാര്യമാണെന്നു തെളിയിച്ചു വിടപറഞ്ഞ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെയും ശംസുൽ ഉലമയുടെയും വഴി ഏതു കാലത്തും ആവശ്യമാണെന്ന് സംഗമം വിലയിരുത്തി.

വഖഫ് ബില്ലുമായി ബന്ധപ്പെട്ട് കേന്ദ്ര ഗവൺമെൻ്റിന് വേണ്ടി സംഘപരിവാരം വിവാദമുനമ്പം വിഷയത്തെ കത്തിച്ചു നിറുത്തുകയും കേരള ഗവൺമെൻ്റ് ഉദാസീനതയോടെ പെരുമാറുകയും ചെയ്ത് സാമുദായികസ്പർദ്ധയ്ക്കു കാരണമായേക്കാവുന്ന വിഷയത്തിൽ പാണക്കാട് സ്വാദിഖലി തങ്ങളുടെ നേതൃത്വത്തിലുള്ള മുസ്‌ലിം സംഘടനാ നേതൃകൂട്ടായ്മ എടുത്ത തീരുമാനത്തെ തള്ളിപ്പറഞ്ഞ് ചിലർ രംഗത്തു വന്നത്ശരിയാ യില്ലെന്ന് യോഗം വിലയിരുത്തി.

സമസ്തയും സാമുദായിക സംഘടിത ശക്തിയും തുടർന്നുവന്ന വഴിയിൽ തന്നെ മുന്നോട്ട് നീങ്ങാൻ പ്രാസ്ഥാനിക രംഗം ക്രമീകരിക്കാൻ ആവശ്യമായ പദ്ധതികൾക്ക് യോഗം രൂപം നൽകി.

സമസ്തയുടെ കീഴ് വഴക്കത്തിനും സംഘടനാരീതിക്കും വിരുദ്ധമായി നിരന്തരമായി പെരുമാറുന്ന ഉമർ ഫൈസിയെ മാറ്റിനിറുത്തണമെന്നും രൂപീകരണകാലത്തെ പോളിസിക്ക് വിരുദ്ധമായി സ്പർദ്ധയുണ്ടാക്കുന്ന വിധം സുപ്രഭാതത്തിൽ പരസ്യവും വാർത്തയും വരുന്നതിൽ പങ്കുവഹിക്കുന്നവരുടെ കാര്യത്തിൽ തീരുമാനമുണ്ടാക്കണമെന്നും, മുസ്ലിം ലീഗും സമസ്തയും തുടർന്നു പോരുന്ന ശൈലിക്ക് വിരുദ്ധമായി പെരുമാറുന്നവരെ അടക്കി നിറുത്തണമെന്നും വിവിധ പ്രമേയങ്ങളിലൂടെ യോഗം ആവശ്യപ്പെട്ടു.

പുത്തനഴിമൊയ്തീൻ ഫൈസി ചെയർമാനും ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി കൺവിനറും പി സി ഇബ്രാഹീം ഹാജി ട്രഷററും യു മുഹമ്മദ് ശാഫി ഹാജി ഡയരക്ടറുമായി വിവിധ ജില്ലാ പ്രതിനിധികൾ ഉൾക്കൊള്ളുന്ന നാൽപത്തിയൊന്നംഗ സംരക്ഷണ സമിതിക്ക് രൂപം നൽകി.

സമസ്ത മലപ്പുറം ജില്ലാ സെക്രട്ടറി പുത്തനഴി മൊയ്തീൻ ഫൈസി ഉദ്ഘാടനം ചെയ്തു. എം സി മായിൻഹാജി അധ്യക്ഷത വഹിച്ചു, അബ്ദുസ്സമദ് പൂക്കോട്ടൂർ, ഓണംപിള്ളി മുഹമ്മദ് ഫൈസി. അബ്ദുറഹിമാൻ കല്ലായി, യു. മുഹമ്മദ് ശാഫി ഹാജി തുടങ്ങിയവർ വിവിധ വിഷയങ്ങളും സലീംഎടക്കര കർമ്മപദ്ധതിയും അവതരിപ്പിച്ചു, ആർ. വി കുട്ടിഹസൻ ദാരിമി, കെ എ ഖാദർ ഫൈസി കുന്നുംപുറം,സി എച്ച് മഹ്മൂദ് സഅദി , ജബ്ബാർ ഹാജി എളമരം, ത്വയ്യിബ് ഫൈസി, പിസി ഇബ്രാഹീം ഹാജി, സി എം കുട്ടി സഖാഫി, കീഴടത്തിൽ ഇബ്രാഹീം ഹാജി, അഡ്വ : ആരിഫ് ,മൂസ മുസ്‌ലിയാർ ചങ്ങരംകുളം, ശറഫുദ്ധീൻ മൗലവി വെൺമേനാട്, നൂഹ് കരിങ്കപ്പാറ, ഹംസ ഹാജി മുന്നിയൂർ, ടി പി സി മുഹമ്മദ് കോയ ഫൈസി, ടി വി അഹമദ് ദാരിമി കെ പി കോയ ഹാജി മലയമ്മ അബൂബക്കർ ഫൈസി, അബൂബക്കർ ബാഖവി മലയമ്മ പ്രസംഗിച്ചു.

വാർത്തകൾ അറിയാൻ കൂടെക്കൂടാം :

Youtube: www.youtube.com/@News26Malayalam 


Website: https://news26malayalam.blogspot.com/


Facebook: https://www.facebook.com/News26Mala yalam/


Instagram: https://www.instagram.com/news26malayalm/


Telegram: https://t.me/news26malayalam




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ