2025 ഏപ്രിൽ 8, ചൊവ്വാഴ്ച

ജാമിഅഃയുടെ പവിത്രത കളങ്കപ്പെടുത്താന്‍ അനുവദിക്കില്ല: സമസ്ത നേതാക്കള്‍. നാളെ ജാമിഅയില്‍ പ്രത്യേക സംഗമം

മലപ്പുറം: ദീനീ സംസ്‌കാരത്തിന്റെയും ആത്മീയ വഴികളുടെയും വിളനിലമായ മഹല്ലുകള്‍ക്കും മതസ്ഥാപനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന പണ്ഡിതരെ വാര്‍ത്തെടുക്കുന്ന മഹനീയ സ്ഥാപനമായ പട്ടിക്കാട് ജാമിഅഃ നൂരിയ്യഃയുടെ പവിത്രത കളങ്കപ്പെടുത്താനും പൂര്‍വ്വീകര്‍ കൊളുത്തിവച്ച ദീനീപ്രകാശം ദുഷ്പ്രചരണത്തിലൂടെ ഇല്ലായ്മ ചെയ്യാനും അനുവദിക്കില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമഃയുടെയും പോഷകഘടകങ്ങളുടെയും ഭാരവാഹികളായ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പാണക്കാട്, ഡോ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, ഹാജി യു മുഹമ്മദ് ശാഫി, അബ്ദുസ്സ്വമദ് പൂക്കോട്ടൂര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, കെ എ റഹ്‌മാന്‍ ഫൈസി,  ഓണംപിള്ളി മുഹമ്മദ് ഫൈസി, നാസര്‍ ഫൈസി കൂടത്തായി, സലീം എടക്കര, ഖാദര്‍ ഫൈസി കുന്നുംപുറം, സി എച്ച്  ത്വയ്യിബ് ഫൈസി, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, പി എ ജബ്ബാര്‍ ഹാജി തുടങ്ങിയവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. 

ആറ് പതിറ്റാണ്ടായി കേരളീയ പണ്ഡിത സമൂഹത്തിന് നേതൃത്വം നല്‍കുന്ന, സമുദായം ഏറെ പ്രതീക്ഷയോടെ കാണുന്ന ജാമിഅഃ മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളും അഹ്ലുസുന്നത്തി വല്‍ ജമാഅത്തിന്റെ ആദര്‍ശവും ഒരു പോറലുമേല്‍പ്പിക്കാതെ സംരക്ഷിക്കേണ്ട ബാധ്യത ഉലമാക്കളിലും ഉമറാക്കളിലുമുണ്ട്. ഊഹാപോഹം പരത്തി ഇതിനെതിരെ വിഭാഗീയത സൃഷ്ടിക്കാന്‍ രംഗത്തിറങ്ങിയവരില്‍ നിന്ന് ജാമിഅഃയെ സംരക്ഷിക്കാന്‍ നേതാക്കള്‍ ആഹ്വാനം ചെയ്തു. 

ജാമിഅഃയുടെ ജനറല്‍ ബോഡി  അംഗങ്ങള്‍, ഓസ്‌ഫോജ്‌ന ഭാരവാഹികള്‍, സമസ്ത നേതാക്കള്‍, പ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രത്യേക സംഗമം നാളെ (വ്യാഴം) വൈകിട്ട് 4 മണിക്ക് ജാമിഅഃ നൂരിയ്യഃയില്‍ നടക്കും. വിശുദ്ധ ദീനിന്റെ പ്രബോധന മേഖല കൂടുതല്‍ സജീവമാക്കാനും മനുഷ്യര്‍ക്കിടയില്‍ മതിലുകള്‍ സൃഷ്ടിക്കുന്ന വിഭാഗീയശക്തികളില്‍ നിന്ന് സമൂഹത്തെ രക്ഷപ്പെടുത്താനും കാമ്പയിന് തുടക്കം കുറിക്കാനും നാളെ ചേരുന്ന സംഗമം പദ്ധതികളാവിഷ്‌കരിക്കും.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ